എടവനക്കാട് : കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിൽ എടവനക്കാട് പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷം ക്രിയാത്മകമായ സമീപനം സ്വീകരിക്കാതിരുന്നതാണ് പല പദ്ധതികളും നിലച്ചുപോകാൻ കാരണമായതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
പഞ്ചായത്തിലെ റോഡ് വികസനം ഒരു വലിയ വിഷയമായി നിൽക്കുകയാണ്. കൃത്യസമയത്ത് വർക്കുകൾ ചെയ്യാത്തതും കോൺട്രാക്ടർമാർ വർക്ക് എടുക്കാത്തതും റോഡ് വികസനത്തിന് തടസമായി നിൽക്കുന്നു. മുൻപ് കൃത്യമായി ലെങ്ത് വരുന്നില്ലെന്ന് പറഞ്ഞ് വർക്ക് ചെയ്യാത്തതുകൊണ്ട് പഞ്ചായത്തിന്റെ മൊത്തത്തിലുള്ള റോഡ് വർക്കുകളുടെ കാര്യത്തിൽ ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
കുടുംബശ്രീയുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് കുടുംബശ്രീയുടെ ഓഫീസ് പഞ്ചായത്തുമായി ബന്ധപ്പെട്ട് നിൽക്കണം. എന്നാൽ നിലവിലുണ്ടായിരുന്ന ഓഫീസ് ഒരു വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത് മൂലം കുടുംബശ്രീക്കും പഞ്ചായത്തുമായി യോജിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത ഒരു അവസ്ഥയുണ്ടായി.
തീരദേശ പ്രശ്നങ്ങളും ഭവനനിർമ്മാണവും
കാലാവസ്ഥാ വിജ്ഞാനവുമായി ബന്ധപ്പെട്ട് കടൽ തീരത്തും കായലോരത്തും ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്നു. കൂടാതെ, ഈ പഞ്ചായത്ത് സി ആർ ഇസഡ് (കോസ്റ്റൽ റെഗുലേഷൻ സോൺ) മായുള്ള ബന്ധം കാരണം വികസന പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിക്കുന്നതിൽ ഇപ്പോഴും പല പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെന്നും ഇതിൽ ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷം പറയുന്നു.
പ്രധാനപ്പെട്ട ഈ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകാത്തത് പഞ്ചായത്തിന്റെ വികസനത്തെ ബാധിച്ചുവെന്നും ഈ വിഷയങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുമെന്നും പ്രതിപക്ഷം കൂട്ടിച്ചേർത്തു.

