എളങ്കുന്നപ്പുഴ : തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ ചൂടിലേക്ക് എളങ്കുന്നപ്പുഴ പഞ്ചായത്ത്. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന ധാരണയിൽ, അതിന് മുന്നേ സ്ഥാനാർത്ഥി ധാരണകളും മറ്റും പൂർത്തിയാക്കാൻ കഴിയാതെ പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ കുഴങ്ങുകയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഈ ആശയക്കുഴപ്പം തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം. സ്ഥാനാർത്ഥി നിർണ്ണയം, സംവരണ റൊട്ടേഷൻ എന്നീ അടിസ്ഥാന വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയാത്തത് തദ്ദേശഭരണ പോരാട്ടങ്ങൾക്ക് കടുത്ത വെല്ലുവിളിയുയർത്തുന്നു. സംവരണ സീറ്റുകളിൽ സ്ഥാനാർത്ഥികളുടെ ലഭ്യത കുറവും പാർട്ടി നേതൃത്വങ്ങൾക്ക് തലവേദനയാവുകയാണ്.
തിരഞ്ഞെടുപ്പിന് മുന്നേ തങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഭരണപക്ഷം ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ പ്രതിപക്ഷവും വാദങ്ങളുമായി ഉണ്ട്. എല്ലാം പ്രതിസന്ധിയിലാക്കിയ കോവിഡിന് ശേഷം ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിച്ച പഞ്ചായത്താണ് എളങ്കുന്നപ്പുഴ എന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോൾ വാർഷിക പദ്ധതികൾ യഥാസമയം പൂർത്തീകരിച്ച് ഡി പി സി അംഗീകാരം വാങ്ങാത്തതുമൂലം സമയബന്ധിതമായ പദ്ധതി നിർവഹണം അസാധ്യമായി, പഞ്ചായത്ത് നിവാസികളിൽ നിന്ന് ദിനം പ്രതി ലഭിക്കുന്ന പരാതികൾക്ക് കൃത്യമായി പരിഹാരം കാണുന്നതിൽ വൻപരാജയമാണ് ഭരണപക്ഷം, വഴിവിളക്കുകൾ കൃത്യമായി പരിപാലിക്കാത്തതുമൂലം പ്രദേശം ഇരുട്ടിലാണ് തുടങ്ങിയ ആരോപണങ്ങളുമായി പ്രതിപക്ഷവും രംഗത്തുണ്ട്. ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് പഞ്ചായത്ത്.

