കടമക്കുടി : ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും യാത്രക്ക് വേണ്ടി കടത്തു വഞ്ചികളെയും ചങ്ങാടങ്ങളെയും ആശ്രയിക്കുന്നവരാണ് കടമക്കുടി പഞ്ചായത്ത് നിവാസികൾ. പെരിയാറിന്റെ കൈവഴികളായി എട്ട് ചെറിയ ദ്വീപ് സമൂഹങ്ങൾ ചേർന്നതാണ് കടമക്കുടി പഞ്ചായത്ത്. പ്രധാന ദ്വീപായ പിഴലയിലാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടം, വില്ലേജ് ഓഫീസ്, ഹെൽത്ത് സെന്റർ മുതലായവ ഉള്ളത്.
20 വർഷം മുമ്പ് ഓരോ ദ്വീപുകളെയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കുന്നതിനും പാലങ്ങൾ ബന്ധിപ്പിക്കുന്ന റോഡുകൾക്കും ജിഡ ഫണ്ട് അനുവദിച്ചതാണ്. എന്നാൽ, സംസ്ഥാന ഭരണവും എം.എൽ.എ യും ഭരണകക്ഷിയുടെ പാർട്ടി ആയിരുന്നിട്ടു പോലും ഇതൊന്നു നടപ്പിലാക്കാൻ കഴിയാതെ പോയത് ഭരണ പക്ഷത്തിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ടൂറിസം മേഖലക്ക് ഏറെ സാധ്യത ഉള്ള പ്രകൃതി രമണീയമായ സ്ഥലമാണ് കടമക്കുടി. ഇന്ന് നിരവധി ആളുകൾ കണ്ടു കേട്ടും ഈ പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇങ്ങോട്ട് വരുന്നുണ്ട്. ടൂറിസം വികസനത്തിന് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന പറച്ചിലല്ലാതെ മുന്നോട്ട് യാതൊരു നടപടിയും ഇല്ല. ടൂറിസ്റ്റുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലൂടെ പഞ്ചായത്തിനും പ്രദേശ വാസികൾക്കും തങ്ങളുടെ വരുമാനം ഉയർത്താൻ കഴിയും.
പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായ പൊക്കാളി കൃഷി പാടശേഖരങ്ങളിൽ അനേകം ഇന്നും തരിശായി കിടക്കുകയാണ്. പരിമിതമായ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് ഈ വർഷങ്ങളിൽ പഞ്ചായത്തിൽ നടന്നിരിക്കുന്നത്. ഹെൽത്ത് സെന്ററിന്റെ അവസ്ഥയും ശോചനീയമാണ്. വെള്ളത്താൽ ചുറ്റപ്പെട്ടാണ് കിടക്കുന്നതെങ്കിലും ശുദ്ധജല ക്ഷാമം ഇന്നും രൂക്ഷമാണ്.
പഞ്ചായത്തിന്റെ ഇത്തരം കെടുകാര്യസ്ഥതക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. അത് കൊണ്ടുതന്നെ വിജയം ഉറപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ഓരോ പ്രവർത്തനങ്ങളും.

