കുഴുപ്പിള്ളി : തിരഞ്ഞെടുപ്പ് അടുത്തതോടെ സജീവമായി കുഴുപ്പള്ളി പഞ്ചായത്തിലെ മുന്നണികൾ. കഴിഞ്ഞ ഭരണകാലയളവിൽ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗം, ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ വലിയ മുന്നേറ്റം കൈവരിച്ചതായും കൂടാതെ സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ നിരവധി നേട്ടങ്ങളും പുരസ്കാരങ്ങളും നേടിയെടുക്കാൻ പഞ്ചായത്തിന് സാധിച്ചു എന്നും നിലവിലെ പഞ്ചായത്ത് ഭരണസമിതി അവകാശപ്പെടുന്നു. എന്നാൽ, കടുത്ത പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷവും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.
മറ്റ് പഞ്ചായത്തുകളെ പോലെ തന്നെ സ്ഥാനാർഥി നിർണയം ഇത് വരെ പൂർത്തിയാക്കാൻ കുഴുപ്പിള്ളിക്കും കഴിഞ്ഞിട്ടില്ല. മത്സരിക്കണമെന്ന് ആഗ്രഹിക്കുന്ന നിലവിലെ മെമ്പർമാർ പോലും പാർട്ടി തീരുമാനം പരസ്യപ്പെടുത്തിയതിന് ശേഷം പ്രചരണം ആരംഭിക്കാൻ കാത്തിരിക്കുകയാണ്. സ്ഥാനാർത്ഥികൾ ഏകദേശം ധാരണയിലായിരുന്ന ചില വാർഡുകൾ സംവരണം ആയതും സ്ഥാനാർഥി പ്രഖ്യാപനം വൈകാൻ കാരണമാകുന്നുണ്ട്. എങ്കിലും വിജയ പ്രതീക്ഷയോടെയാണ് ഓരോ മുന്നണികളും പ്രവർത്തിക്കുന്നത്.

