വൈപ്പിൻ: ചെറായി ബീച്ചിൽ കുളിക്കുന്നതിനിടെ സ്വകാര്യ ബസ് കണ്ടക്ടറെ അജ്ഞാതജീവി കടിച്ച് പരിക്കേൽപ്പിച്ചു. എറണാകുളം ചിറ്റൂരിൽ താമസിക്കുന്ന കുമ്പളി സ്വദേശി വിഷ്ണുവിനാണ് കടിയേറ്റത്. വലതുകൈയിലെ തള്ളവിരലിനു മുകളിലായി ചെറിയൊരുഭാഗം ജീവി കടിച്ചെടുത്തു. കുടുംബത്തോടൊപ്പം ചെറായിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതാണ് വിഷ്ണു. കുടുംബത്തോടൊപ്പമാണ് ബീച്ചിൽ കുളിക്കാനിറങ്ങിയത്. മറ്റുള്ളവർ കരയിൽ കയറിയശേഷം കാല്‍ കഴുകാൻ വീണ്ടും കടലിൽ ഇറങ്ങിയപ്പോഴാണ് ജീവിയുടെ ആക്രമണം ഉണ്ടായത്. തിങ്കൾ വൈകിട്ട് അഞ്ചോടെ ചെറായി ബീച്ചിന് അൽപ്പം തെക്കുമാറിയാണ് സംഭവം. ഇതിനുമുമ്പും ചെറായി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ചിലർക്ക് ഇതുപോലെ കടി ഏറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ശസ്‌ത്രക്രിയക്കുശേഷം ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

