നായരമ്പലം : മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ട് അടുത്ത തിരഞ്ഞെടുപ്പിലും വിജയിക്കാൻ ഒരുങ്ങുകയാണ് നിലവിലെ നായരമ്പലം പഞ്ചായത്ത് ഭരണസമിതി. 1982 ൽ പൊന്നും വിലയ്ക്ക് വാങ്ങിയ സ്ഥലം, പല ഭരണസമിതികൾ മാറി വന്നിട്ടും ആ സ്ഥലത്തിന്റെ പേപ്പർ വർക്ക് ചെയ്യാൻ തയ്യാറായിരുന്നില്ല. ഇപ്പോഴത്തെ ഭരണ സമിതിയാണ് ആദ്യം മുതലുള്ള രേഖകൾ പൂർത്തീകരിച്ച് നിലവിലെ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ കരമടച്ച് സ്കെച്ച് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പൂർത്തീകരിച്ചത്. ആ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ടെൻഡർ നടപടികളും പൂർത്തിയാക്കി തറക്കല്ലിട്ടു. പഞ്ചായത്തിലെ ആയുർവ്വേദ ആശുപത്രി കെട്ടിടം കിഫ് ബി ഫണ്ടും പെട്രോൻെറ സി എസ് ആർ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ചു.
മത്സ്യതൊഴിലാളികൾ, കർഷക തൊഴിലാളികൾ, കർഷകർ എന്നിവർക്ക് ഏറ്റവും ഗുണകരമായ പഴയ നെടുങ്ങാട് പള്ളിപ്പാലം തനത് ഫണ്ട് ഉപയോഗിച്ച് പൊളിച്ചുമാറ്റി നീരൊഴുക്ക് സുഖകരമാക്കി. പഞ്ചായത്തിൽ വർഷങ്ങളായി സാങ്കേതിക പ്രശ്നങ്ങളാൽ നടക്കാതിരുന്ന പല റോഡുകളുടെയും പണിപൂർത്തീകരിച്ചു. വേലിയേറ്റവുമായി ബന്ധപ്പെട്ട് ഈ കഴിഞ്ഞ അഞ്ചുവർഷവും സമയബന്ധിതമായി മണൽവാട നിർമ്മിച്ചു നൽകി. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഹരിതകർമ്മ സേനയ്ക്ക് ഇ – ഓട്ടോ വാങ്ങി നൽകി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പഞ്ചായത്ത് ഓപ്പൺ ജിം സ്ഥാപിച്ചു.
കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി വിവിധ വാർഡുകളിലെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുകയും ജൽജീവൻ മിഷൻ പദ്ധതി പൂർത്തീകരിക്കുകയും ചെയ്തു. എസ്. സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, സ്കോളർഷിപ്പ് എന്നിവ വിതരണം നടത്തി. മത്സ്യത്തൊഴിലാളികൾക്കുള്ള വഞ്ചിയും മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പും നൽകി.

