മുളവുകാട് : ജനങ്ങളിൽ നിന്ന് ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ഓരോ ജനപ്രതിനിധികളും നല്ല രീതിയിൽ പ്രവർത്തിച്ചു എന്ന ആത്മവിശ്വാസത്തിലാണ് മുളവുകാട് പഞ്ചായത്തിലെ ഓരോ ജനപ്രതിനിധികളും. വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു മുളവുകാട് മെയിൻ റോഡ്. വാഹനങ്ങൾ കടന്നു പോകാനുള്ള ബുദ്ധിമുട്ടു മൂലം ബസ് സർവീസ് വരെ നിർത്തലാക്കിയ സാഹചര്യം ഉണ്ടായി. ആശുപത്രികളിലേക്കും സ്‌കൂളുകളിലേക്കും ജോലിക്കുമെല്ലാം പോകുന്നവരെ ഇത് വളരെ അധികം ബാധിച്ചിരുന്നു. ഇന്ന് 7 മീറ്റർ വീതിയിൽ ഹൈ കോടതി നിയോഗിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ വിലയിരുത്തലിൽ റോഡ് പണി തൊണ്ണൂറു ശതമാനത്തോളം പൂർത്തിയായി കഴിഞ്ഞു. ഭരണസമിതിയുടെ കാലാവധി കഴിയും മുൻപേ പണി പൂർത്തിയാകും എന്നതാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പ്. GIDA യുടെയും ജില്ലാ പഞ്ചായത്ത് ഫണ്ട്, എം എൽ എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവയും ഉപയോഗിച്ചാണ് നിർമാണം.
30 വർഷമായി കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന സ്ഥലമായിരുന്നു മുളവുകാട് വലിയ പരമ്പ പ്രദേശം. അവിടേക്ക് കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞത് പഞ്ചായത്തിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന ഒന്നാണ്. പഞ്ചായത്തിലെ എല്ലാ വഴികളിലും വഴിവിളക്കുകൾ സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മുളവുകാട് നിർമിക്കുന്ന വാട്ടർ ടാങ്കിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. നിർമാണം ഉടൻ ആരംഭിക്കും. വല്ലാർപാടം, മുളവുകാട് പ്രദേശങ്ങളിൽ നിരവധി ഇടറോഡുകൾ നിർമാണം പൂർത്തിയാക്കി.
കൊച്ചിൻ ഷിപ്യാർഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാധാരണക്കാർക്ക് വളരെ ചെറിയനിരക്കിൽ ഉപയോഗിക്കാൻ പഞ്ചായത്ത് ഒരു ആംബുലൻസ് വാങ്ങുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഗ്രൗണ്ടിന്റെ പണി പുരോഗമിക്കുകയാണ്.
കൂടാതെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു ഓപ്പൺ ജിമ്മുംആരംഭിച്ചു. എം സി എഫിന് വേണ്ടി കളക്ടറുടെ അനുമതിയോടെ 50 സെന്റ് പുറമ്പോക്ക് ഭൂമി കണ്ടെത്തി. അവിടെ പ്രവർത്തനം ഉടൻ ആരംഭിക്കും.
നിരവധി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന പഞ്ചായത്ത് ഭരണ തുടർച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ്.

