ഞാറക്കൽ: ജനജീവിത നിലവാരം ഉയർത്തുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഞാറക്കൽ പഞ്ചായത്ത് അഭിമാനകരമായ മുന്നേറ്റം കൈവരിച്ചു. പഞ്ചായത്ത് ഭരണസമിതിയും ജനപ്രതിനിധികളും ഒന്നിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി വീടുകൾ, റോഡുകൾ, കായിക സൗകര്യങ്ങൾ, ആരോഗ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, മാലിന്യനിർമാർജനം തുടങ്ങിയ എല്ലാ മേഖലയിലും സമഗ്രമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. തീരദേശത്തിന്റെ പ്രത്യേക ആവശ്യങ്ങൾ മുൻനിർത്തി നടപ്പാക്കിയ പദ്ധതികളാണ് പഞ്ചായത്ത് വികസനത്തിന് പുതിയ ദിശാബോധം നൽകിയത്.
പ്രധാന വികസന നേട്ടങ്ങൾ
- ഭവന നിർമാണം: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 305 വീടുകളാണ് ഞാറക്കൽ പഞ്ചായത്തിൽ നിർമിച്ചത്.
- അടിസ്ഥാന സൗകര്യങ്ങൾ: ‘ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം’ എന്ന ലക്ഷ്യത്തോടെ ജില്ലാ നിലവാരത്തിൽ ജയ്ഹിന്ദ് ഗ്രൗണ്ടിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. കൂടാതെ, ആധുനിക മത്സ്യ മാർക്കറ്റിന്റെ പണി പുരോഗമിക്കുകയാണ്.
- റോഡുകളും ഗതാഗതവും: എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിരവധി റോഡുകൾ പൂർത്തീകരിക്കുകയും ചെയ്തു. 12, 13, 14 വാർഡുകളെ ബന്ധിപ്പിക്കുന്ന പാലം പുതുക്കിപ്പണിയുകയും ശ്മശാനം പണി പൂർത്തീകരിക്കുകയും ചെയ്തു.
- ആരോഗ്യ, ക്ഷേമ മേഖല: ആയുർവേദം, ഹോമിയോ ആശുപത്രികളും മൃഗാശുപത്രിയും ജനസൗഹൃദമാക്കി മാറ്റി. ഏഴാം വാർഡിൽ പട്ടികജാതി വിഭാഗക്കാരുടെ അടിസ്ഥാന ക്ഷേമ സൗകര്യത്തിനായി അംബേദ്‌കർ പദ്ധതി ഏറ്റെടുത്തു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്ന ഓപ്പൺ ജിം ഉദ്ഘാടനത്തിന് സജ്ജമായി.
- പരിസ്ഥിതിയും മാലിന്യനിർമാർജനവും: ഹരിതകർമസേനയ്ക്ക് ഡിപി വേൾഡിന്റെ സഹകരണത്തോടെ രണ്ട് പെട്ടി ഓട്ടോറിക്ഷകൾ വാങ്ങുകയും കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ മാലിന്യനിർമാർജനം ഊർജിതമാക്കുകയും ചെയ്തു. പ്രളയാനുഭവം മുൻനിർത്തി പൊതുമരാമത്തിന്റെ സഹകരണത്തോടെ പൊതുതോടുകൾ ശുചീകരിച്ച് നീരൊഴുക്ക് ഉറപ്പാക്കി.
- തീരദേശ സംരക്ഷണം: എംഎൽഎയുടെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പ് തീരദേശത്ത് ജിയോബാഗുകൾ സ്ഥാപിച്ചു.
- തൊഴിലുറപ്പ് പദ്ധതി: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഉൾപ്രദേശങ്ങളിൽ നടപ്പാതകൾ നിർമിച്ചു.
- വിദ്യാഭ്യാസം: കൂടുതൽ പുസ്തകങ്ങൾ എത്തിച്ച് ഗ്രന്ഥശാലാ പ്രവർത്തനം കൂടുതൽ ഊർജിതമാക്കി.
ജനങ്ങളുടെ സഹകരണവും ജനപ്രതിനിധികളുടെ ദൃഢനിശ്ചയവും ചേർന്നപ്പോൾ ഞാറക്കൽ പഞ്ചായത്ത് സമഗ്ര വികസനത്തിന്റെ മികച്ച മാതൃകയായി മാറിയെന്ന് ഭരണസമിതി വിലയിരുത്തി. ജീവിത നിലവാരം ഉയർത്തുന്ന പദ്ധതികൾക്ക് തുടർച്ചയൊരുക്കി, കൂടുതൽ പച്ചപ്പും ശുചിത്വവും നിറഞ്ഞ ഒരു തീരദേശ ഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് പഞ്ചായത്ത് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. അടുത്ത ഘട്ടത്തിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കി ‘ആരോഗ്യവും സമൃദ്ധിയുമുള്ള ഞാറക്കൽ’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് പഞ്ചായത്ത് ഭരണകൂടത്തിന്റെ ലക്ഷ്യം.

