വൈപ്പിൻ: കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഓരുവെള്ള ഭീഷണിയിൽ നിന്ന് വൈപ്പിൻ ദ്വീപിനെ സംരക്ഷിക്കുന്നതിന് എൻസിസിആർ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന തീരദേശ മാനേജ്മെന്റ് പ്ലാൻ അന്തിമ ഘട്ടത്തിലാണെന്നു മന്ത്രി കെ. രാജൻ ഉറപ്പു നൽകിയതായി കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ അനുയോജ്യമായ രീതിയിൽ തീരദേശ സംരക്ഷണ നടപടികൾ നിർദേശിക്കാനാകും.തീരശോഷണം സംസ്ഥാന സവിശേഷ ദുരന്തമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതു പ്രകാരം ദുരന്തബാധിതർക്ക് ദുരിതാശ്വാസത്തിന് അർഹതയുണ്ടെന്നും മന്ത്രി അറിയിച്ചു. പുഴ, കായൽ, കടൽ, മറ്റ് ജല സ്രോതസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അധികജലം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലാകുന്നവരും ദുരിതാശ്വാസത്തിന് അർഹരാണ്.ഇതിനായി ജലസേചന വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും ചേർന്നു സാങ്കേതികപഠനം നടത്തി പദ്ധതി ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്കു സമർപ്പിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി എംഎൽഎയെ അറിയിച്ചു.

