വൈപ്പിൻ: ഭാരതരത്ന എം എസ് സ്വാമിനാഥൻ ജന്മ ശതാബ്ദിയോട് അനുബന്ധിച്ച് സർവ്വദേശീയ തീര ശുചീകരണ പരിപാടിയുടെ ഭാഗമായി ഇന്ത്യയിൽ സെപ്റ്റംബർ 17 മുതൽ 23 വരെ നടക്കുന്ന തീര ശുചീകരണ പ്രവർത്തനങ്ങൾ കേരളത്തിൽ വൈപ്പിൻ ദ്വീപിലെ നായരമ്പലത്ത് ആരംഭിച്ചു. ദേശീയതലത്തിൽ ഓരോ സംസ്ഥാനത്തിലും സെപ്റ്റംബർ 17 ന് ആരംഭിക്കുന്ന തീര ശുചീകരണ പ്രവർത്തന പരിപാടി നായരമ്പലം ബീച്ചിൽ എം എസ് എസ് ആർ എഫ് , ഗ്രാസ് റൂട്ട് സംയുക്തമായി നേതൃത്വം നൽകി. പരിപാടിയിൽ മാല്യങ്കര എസ് എൻ എം കോളേജിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾ തീര ശുചീകരണം നടത്തി. നായരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി സി സിജി അധ്യക്ഷത വഹിച്ചു. എസ് എൻ എം കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.രശ്മി വി സി, ഡോ. ലക്ഷ്മി എസ് ബോസ്,എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം ക്ലസ്റ്റർ കോഡിനേറ്റർ കെ ടി അനിത, ഗ്രാസ് റൂട്ട് സംഘടനയുടെ ഭാരവാഹികളായ ഐ. ബി .മനോജ്, തോമസ് വാഴപ്പള്ളി, കമ്മ്യൂണിറ്റി റിസോഴ്സ് സെന്റർ വൈസ് പ്രസിഡന്റ് എം .പി ഷാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് തീരശുചീകരണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.സമുദ്ര ജീവികളുടെ സംരക്ഷണത്തിനായി കടലിലെ മലിനീകരണം കുറയ്ക്കുന്നതിനും സമുദ്രതീരം സംരക്ഷിക്കുന്നതിനും സർവ്വദേശീയ തീര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തീര ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. 20ന് കുഴുപ്പിള്ളി ബീച്ചിലും മാലിപ്പുറം ബീച്ചിലും ശുചീകരണ പ്രവർത്തനം നടത്തും.

