വൈപ്പിൻ: നവീകരിച്ച ഞാറക്കൽ ജയ്ഹിന്ദ് മൈതാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കായികമന്ത്രി വി അബ്ദുറഹിമാൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. അടുത്തഘട്ടത്തിൽ മൈതാനത്തിൽ കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപ ചെലവഴിച്ചാണ് ജയ്ഹിന്ദ് മൈതാനം നവീകരിച്ചത്. 50 ലക്ഷം രൂപ കായികവകുപ്പിൽനിന്നും 50 ലക്ഷം രൂപ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും കണ്ടെത്തി. വൈപ്പിൻകരയുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു മൈതാനത്തിന്റെ നവീകരണം. ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ തുടങ്ങിയവയ്‌ക്ക് ഉപയോഗിക്കാൻ കഴിയുന്നതരത്തിലുള്ള കളിമൺ മൈതാനം കോർട്ട്, ക്രിക്കറ്റ് പരിശീലന പിച്ച്, വേലി, ഡ്രയിനേജ്, നടപ്പാത തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് നവീകരണം. ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ഷൂട്ടൗട്ട് മത്സരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം കെ എസ് നിബിൻ ഉദ്ഘാടനം ചെയ്തു. കരാറുകാരൻ എൻ കെ അഷറഫിനെ ആദരിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, ജില്ലാപഞ്ചായത്ത് അംഗം എം ബി ഷൈനി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ പി കെ അനിൽകുമാർ, മുൻ ദേശീയ ഫുട്മ്പോൾ താരം സി വി സീന, പഞ്ചായത്ത് സെക്രട്ടറി എ എസ് നവ്യ തുടങ്ങിയവർ സംസാരിച്ചു.

