എളങ്കുന്നപ്പുഴ : ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ശക്തമായ എതിർപ്പുകളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉയർന്നു വരുന്നത്. വാർഷിക പദ്ധതികൾ യഥാസമയം പൂർത്തീകരിച്ച് ഡി പി സി അംഗീകാരം വാങ്ങാത്തതുമൂലം സമയബന്ധിതമായ പദ്ധതി നിർവഹണം അസാധ്യമായി. പഞ്ചായത്ത് നിവാസികളിൽ നിന്ന് ദിനം പ്രതി ലഭിക്കുന്ന പരാതികൾക്ക് കൃത്യമായി പരിഹാരം കാണുന്നതിൽ വൻപരാജയമാണ് ഭരണപക്ഷം. വഴിവിളക്കുകൾ കൃത്യമായി പരിപാലിക്കാത്തതുമൂലം പ്രദേശം ഇരുട്ടിലാണ്.
പഞ്ചായത്ത് ഓഫീസിൽ മുൻപ് സ്ഥാപിച്ചിരുന്ന സോളാർ പാനൽ പ്രവർത്തനക്ഷമമല്ലാതായിട്ട് വർഷങ്ങളായി. സോളാർ പാനൽ പ്രവർത്തന ക്ഷമമാക്കുന്നതിന് പകരം ജനറേറ്റർ വാങ്ങി പുതിയ അഴിമതിക്ക് കളമൊരുക്കുകയാണ് ഭരണസമിതി എന്ന് പ്രതിപക്ഷം ആരോപിച്ചു.
കേരളത്തിൽ ആദ്യമായി എസ് സി വിദ്യാർത്ഥികൾക്ക് വേണ്ടി കമ്പ്യൂട്ടർ പരിശീലന കേന്ദ്രം ആരംഭിച്ച പഞ്ചായത്താണ് എളങ്കുന്നപ്പുഴ. ആ പരിശീലന കേന്ദ്രം കോൺഗ്രസ് ഭരണസമിതി അടച്ചുപൂട്ടി ഉപകരണങ്ങൾ നീക്കം ചെയ്തു. പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന വയോജന കേന്ദ്രവും നിലവിൽ പ്രവർത്തനരഹിതമാണ്. നാലു വർഷം മുൻപേ നിർമാണം പൂർത്തിയാക്കിയ പഞ്ചായത്തിന്റെ പുതിയ കോൺഫ്രൻസ് ഹാളിന്റെ റൂഫ് തകർന്ന് വീഴുന്ന സ്ഥിതിയിലായിട്ടും അധികാരികൾക്ക് ഒരു കുലുക്കവുമില്ല.
പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഗ്രൗണ്ടിന് വേണ്ടി ബജറ്റിൽ 7 ലക്ഷം രൂപ വകയിരുത്തിയിട്ടും ഒരു പ്രവർത്തനം പോലും നടത്തിയിട്ടില്ല. ഒന്നര കോടി വകയിരുത്തി നിർമാണം ആരംഭിച്ച പി എച്ച് സിയുടെ പുതിയ കെട്ടിട നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ വികസനത്തിനായി ലഭിച്ച 2 കോടി രൂപ നഷ്ടപ്പെടുത്തി.
എല്ലാ മേഖലയിലും ആരോപണം മാത്രമാണ് ഭരണപക്ഷത്തിന് നേടാനായത്. കൃത്യ നിർവഹണത്തിൽ വീഴ്ച വന്നതോടെ പരാജയം മാത്രമേ മുന്നിലുള്ളൂ എന്നാണ് പ്രതിപക്ഷം പറയുന്നത്.

