വൈപ്പിൻ
നായരമ്പലം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന ചെറിയാൻ നരികുളത്തിന്റെ പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട് അനധികൃത പണപ്പിരിവ് നടത്തി പഞ്ചായത്ത് ഭരണസമിതി. വ്യാപകമായ പണപ്പിരിവാണ് പ്രസിഡന്റ് നീതു ബിനോദിന്റെ നേതൃത്വത്തിൽ നടന്നതെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി കെ കെ ബാബു പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിക്കാതെ നായരമ്പലം സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്ന് പ്രതിമാ അനാച്ഛാദനച്ചടങ്ങിന് പണം പിരിച്ചു. പഞ്ചായത്തിന്റെ ഒൗദ്യോഗിക ലെറ്റർപാഡിൽ പ്രസിഡന്റ് ഒപ്പിട്ടാണ് പണം സ്വീകരിച്ചശേഷം സഹകരണ ബാങ്കിന് രസീത് നല്‍കിയത്. സംഭവം പുറത്തായതോടെ ഇതുസംബന്ധിച്ച് ടി ജെ ഫ്രാങ്ക്‌ളിന്‍ എന്നയാൾ വിവരാവകാശ അപേക്ഷ നല്‍കി. പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട് പണം പിരിക്കാൻ ഒരു തീരുമാനവും പഞ്ചായത്ത് കമ്മിറ്റി എടുത്തിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയത്. ഇതോടെ, വ്യാജമായി നിർമിച്ച രശീതില്‍ സീല്‍വച്ച് ഉപയോഗിച്ച് പ്രസിഡന്റ് പണപ്പിരിവ് നടത്തിയെന്നു വ്യക്തമായി. പ്രസിഡന്റിനുവേണ്ടി ബാങ്കിൽനിന്ന് പണം കൈപ്പറ്റിയത് താൽക്കാലിക ഡ്രൈവറായ ലിയോ കുഞ്ഞച്ചനാണ്. പണം ആവശ്യപ്പെട്ട് ബാങ്കിന് നൽകിയ കത്തിൽ തീരുമാനമെടുത്ത ബാങ്ക് ഭരണസമിതിയിൽ കോൺഗ്രസുകാരായ കെ വി പ്രമോദ്, ജയ്‌നി സേവ്യർ എന്നിവരും ഉണ്ടായിരുന്നു. പണപ്പിരിവ് നടത്താനുള്ള തീരുമാനത്തിനെതിരെ എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എതിർപ്പറിയിച്ചിട്ടും അത് ധിക്കരിച്ചാണ് തീരുമാനമെടുത്തത്. ക്രമക്കേടുകൾ നടത്തിയ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രി എം ബി രാജേഷിന് ഡിവൈഎഫ്‌ഐ പരാതി നൽകി.

