പള്ളിപ്പുറം : നവംബർ 5 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നിരിക്കെ സ്ഥാനാർഥി നിർണയം ധ്രുതഗതിയിലാക്കി പള്ളിപ്പുറം പഞ്ചായത്തിലെ മുന്നണികൾ. സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിലാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സ്ഥാനാർത്ഥി നിർണ്ണയം, സംവരണ റൊട്ടേഷൻ എന്നീ അടിസ്ഥാന വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയാത്തത് തദ്ദേശഭരണ പോരാട്ടങ്ങൾക്ക് കടുത്ത വെല്ലുവിളിയുയർത്തുന്നു. സംവരണ സീറ്റുകളിൽ സ്ഥാനാർത്ഥികളുടെ ലഭ്യത കുറവും പാർട്ടി നേതൃത്വങ്ങൾക്ക് തലവേദനയാവുകയാണ്. പാർട്ടികളിൽ ഒരു വിഭാഗം തലമുറ മാറ്റം ആവശ്യപ്പെടുമ്പോൾ മുതിർന്ന നേതാക്കന്മാർ അതിനെ എതിർക്കുന്നത് പാർട്ടികളിൽ തന്നെ ചേരി തിരിവിന് കാരണമാകുന്നുണ്ട്. സ്വന്തം പാർട്ടിയിൽ തന്നെ ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങൾ എതിർ പാർട്ടികൾ തങ്ങളുടെ പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. വാട്സ് ആപ് ഉൾപ്പെടെയുളള സമൂഹമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ തമ്മിലും പാർട്ടിക്കകത്തുളളവർ തമ്മിലും യുദ്ധം മുറുകുന്നത് പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പദ്ധതികൾ നടപ്പിലാക്കുന്നതിൽ വൻ പരാജയമായിരുന്നു നിലവിലെ ഭരണസമിതി എന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ തുടർഭരണം തങ്ങൾക്കുതന്നെയാണ് എന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.

