വൈപ്പിൻ; ഞാറക്കൽ, എടവനക്കാട് മത്സ്യഗ്രാമം പദ്ധതിയിൽ പൊതുമാർക്കറ്റുകളുടെ നിർമാണോദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. രണ്ട് ചടങ്ങുകളിലും കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി. മീൻപിടിത്തം പരമ്പരാഗത രീതികളിൽനിന്ന് ആധുനിക സാങ്കേതിക സംവിധാനങ്ങളിലേക്ക് മാറണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ 10 ടെക്നിക്കൽ സ്കൂളുകൾ കേരളത്തിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളാണ്. പ്രത്യേക പരിശീലനം ലഭിച്ച മത്സ്യബന്ധന മേഖലയിലെ 26 കുട്ടികൾക്കാണ് എംബിബിഎസിന് പ്രവേശനം ലഭിച്ചത്. പുനർഗേഹം പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റുകളും വീടുകളുമായി 8300 ഭവനങ്ങളാണ് നിർമിച്ചത്. 1200 ഫ്ലാറ്റുകളുടെ നിർമാണം മൂന്നു മാസത്തിനകം പൂർത്തിയാക്കും. 67 മാർക്കറ്റുകളും 57 സ്കൂളുകളും നിർമിച്ചതായും മന്ത്രി വ്യക്തമാക്കി. ഹൈബി ഈഡൻ എംപി, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ്, സ്ഥിരംസമിതി അധ്യക്ഷരായ ചെറിയാൻ വാളൂരൻ, രാജി ജിഘോഷ് കുമാർ, പി പി ഗാന്ധി, പഞ്ചായത്ത് അംഗം ആശ പൗലോസ്, ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്‌ടർ സ്‌മിത ആർ നായർ, ആശ അഗസ്റ്റിൻ, കെഎസ്‌ഡിസി റീജണൽ മാനേജർ കെ ബി രമേഷ്, ഞാറക്കൽ – നായരമ്പലം മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം പ്രസിഡന്റ് പി ജി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. എടവനക്കാട് തീരസംരക്ഷണത്തിന് ടെട്രാപോഡ് സ്ഥാപിക്കാൻ 20 കോടി രൂപകൂടി അനുവദിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. 55 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 35 കോടി രൂപയാണ് നിലവിൽ ജിഡ അനുവദിച്ചത്. നിർമാണം ആരംഭിച്ചശേഷം ബാക്കി തുകയും നൽകും. ഏറ്റവും മികച്ച അഞ്ച് മണ്ഡലങ്ങളിൽ ഒന്നാണ് വൈപ്പിൻ എന്നും മന്ത്രി പറഞ്ഞു. ഹൈബി ഈഡൻ എംപി, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഹസീന അബ്ദുൽ സലാം, ജില്ലാപഞ്ചായത്ത് അംഗം എം ബി ഷൈനി, ട്രീസ ക്ലീറ്റസ്, കെ ജെ ആൽബി, അജാസ് അഷറഫ്, കെ ബി രമേഷ്, ആശ അഗസ്റ്റിൻ, മാജ ജോസ് തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന ക്ലൈമറ്റ് റെസിലിയന്റ് കോസ്റ്റൽ ഫിഷർമെന്റ് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടു കോടിവീതം അടങ്കൽ തുകയിലാണ് ഓരോ പൊതുമാർക്കറ്റും നിർമിക്കുന്നത്. 305.30 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ നിർമിക്കുന്ന പൊതുമാർക്കറ്റ് കെട്ടിടത്തിൽ 10 റീട്ടെയിൽ ഒൗട്ട്‌ലെറ്റുകൾ, നാല് കടമുറികൾ, പ്രിപ്പറേഷൻ മുറി, ഫ്രീസർ മുറി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

