വൈപ്പിൻ: തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയതോടെ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കാൻ വൈപ്പിനിൽ മൂന്ന് മുന്നണികളും സജ്ജമായി. വൈപ്പിൻകരയിലെ ആറ് പഞ്ചായത്തുകളിലും ഓരോ സീറ്റിന്റെ വർധന ഉണ്ടായിരുന്നു. ഇടതുമുന്നണിയിൽ സിപിഐയ്ക്ക് കുറെക്കൂടി പ്രാതിനിധ്യം നൽകിക്കൊണ്ടുള്ള തുറന്ന സമീപനമാണ് സിപിഎം എടുത്തത്. മറ്റ് ഘടകകക്ഷികളാകട്ടെ നിലവിലെ സീറ്റുകൾ തുടരുക എന്ന നയമാണ് സ്വീകരിച്ചത്.
ഞാറയ്ക്കൽ, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ അഞ്ച് പ്രമുഖ സഹകരണ സ്ഥാപനങ്ങളിൽ സിപിഐ കോൺഗ്രസുമായിചേർന്ന് മത്സരിക്കുകയും ഭരണം പിടിക്കുകയും ചെയ്തത് മുന്നണി ബന്ധങ്ങളെ ഉലയ്‌ക്കുകയും ചെയ്‌തെങ്കിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭിന്നത ഇല്ലാതെ നോക്കാൻ സിപിഎമ്മും സിപിഐയും നടത്തിയ ശ്രമം വിജയം കണ്ടു. 24 വാർഡുകളുള്ള എളങ്കുന്നപ്പുഴയിൽ സിപിഎം 14 വാർഡിലും സിപിഐ എട്ട് വാർഡിലും മത്സരിക്കും.
ഓരോ വാർഡുകളിൽ എൻസിപി, കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളുമാണ് മത്സരിക്കുക. സിപിഐയുടെ സ്ഥാനാർഥി നിർണയത്തിൽ ചെറിയൊരു എതിർപ്പ് ഉയരുകയും നിലവിലെ പഞ്ചായത്തംഗമായ സ്റ്റെല്ല കുരുവിള പാർട്ടിയിൽനിന്ന് രാജിവെച്ച് സ്വതന്ത്രയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഞാറയ്ക്കൽ പഞ്ചായത്തിൽ സിപിഐയുടെ സീറ്റായ ഹൈസ്കൂൾ വാർഡിൽ സിപിഎം-സിപിഐ പൊതുസ്വതന്ത്രനായി നിലവിലുള്ള സ്വതന്ത്രാംഗം എൻ.എ. ജോർജിനെ മത്സരിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സൗഹൃദ മത്സരംനടന്ന നായരമ്പലത്ത് ഇക്കുറി സിപിഐ-എംഎല്ലി (റെഡ് ഫ്ലാഗ്)നെ കൂടി ഒപ്പംനിർത്തി ഒറ്റക്കെട്ടായാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
നായരമ്പലത്താണ് കൂടുതൽ ഘടകകക്ഷികളെ ഉൾക്കൊണ്ടിട്ടുള്ളതും. റെഡ് ഫ്ലാഗിനെ കൂടാതെ കേരള കോൺഗ്രസ് (എം)നും ഇവിടെ ഒരു സ്ഥാനാർഥിയുണ്ടാകും.എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിൽ മൂന്ന് വീതവും കുഴുപ്പിള്ളിയിൽ നാലും വാർഡുകളാണ് സിപിഐയ്ക്കുള്ളത്. ശേഷിക്കുന്ന വാർഡുകളിൽ സിപിഎം സ്ഥാനാർഥികളാകും മത്സരരംഗത്തുണ്ടാകുക. കോൺഗ്രസ് (എസ്), ആർജെഡി തുടങ്ങിയ കക്ഷികൾ അവകാശവാദവുമായി രംഗത്തുണ്ടായിരുന്നെങ്കിലും നിലവിലുള്ള സ്ഥിതി തുടരാനായിരുന്നു മുന്നണി നേതൃത്വത്തിന്റെ തീരുമാനം.
ഐക്യജനാധിപത്യമുന്നണിയിൽ നാല് വാർഡുകൾ ഒഴികെ മുഴുവൻ വാർഡുകളിലും കോൺഗ്രസ് തന്നെയാണ് മത്സരക്കളത്തിലിറങ്ങുന്നത്. എടവനക്കാട് രണ്ടും എളങ്കുന്നപ്പുഴയിൽ ഒന്നും വാർഡുകളിൽ മുസ്‍ലിം ലീഗും നായരമ്പലത്ത് ഒരു വാർഡിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗവും മത്സരിക്കും. ഇക്കുറി പതിവിന് വിപരീതമായി പൂർണമായും സ്ഥാനാർഥി നിർണയം പഞ്ചായത്തുകളിൽ തീർക്കാനാണ് നിർദേശം ഉണ്ടായത്. വാർഡുകളിൽ നിന്ന് ഒറ്റപ്പേരിൽ എത്തിയാൽ അതുറപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
കൂടുതൽ പേരുകൾ ഉയരുന്നിടങ്ങളിൽ സാമുദായിക സമവാക്യങ്ങളും പാർട്ടിയിലെ ചേരികളും പരിഗണിച്ച് പഞ്ചായത്തുകളിൽതന്നെ അന്തിമതീരുമാനത്തിലെത്താനാണ് ശ്രമം. ഇത് ഒരു പരിധി വരെ വിജയിച്ചുവെന്നാണ് സൂചനകൾ. കാര്യമായ എതിർപ്പുകൾ ഇതുവരെ ഉയർന്നുകണ്ടിട്ടില്ല. സ്ഥാനാർഥിപ്പട്ടിക പുറത്തുവരുന്നതോടെ ചെറിയ തോതിലുള്ള പ്രതിഷേധം ഉയർന്നാലും അത് പരിഹരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് നേതാക്കൾക്ക്. അതേസമയം കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം ചില അവകാശവാദങ്ങളുമായി രംഗത്തുണ്ട്.
എളങ്കുന്നപ്പുഴയിൽ മൂന്നും ഞാറയ്ക്കൽ പഞ്ചായത്തിൽ ഒരു വാർഡിലും സ്ഥാനാർഥിയെ നിർത്തുമെന്നാണ് നേതൃത്വം അറിയിച്ചത്. മറ്റു പഞ്ചായത്തുകളിൽ സഹകരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികൾക്ക് പിന്തുണ കൊടുക്കുമെന്നും അവർ അറിയിച്ചു.

