വൈപ്പിൻ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം രണ്ട് പ്രധാന മുന്നണികളും പൂർത്തിയാക്കി.
എൽഡിഎഫിൽ സിപിഎം-സിപിഐ തർക്കങ്ങളാണ് പതിവായി ഉണ്ടാകുന്നത്. ഞാറയ്ക്കൽ, എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തുകളിലെ അഞ്ച് സഹകരണ സ്ഥാപനങ്ങളിൽ കോൺഗ്രസ്-സിപിഐ കൂട്ടുകെട്ടാണ് ഭരണത്തിലുള്ളത്. ഇതൊന്നും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബാധിക്കാത്തവിധം വളരെ രമ്യമായി പരിഹരിക്കപ്പെട്ടു. എല്ലാ പഞ്ചായത്തുകളിലും ഓരോ വാർഡിന്റെ വർധനകൊണ്ട് സിപിഐക്ക് കൂടുതൽ സീറ്റ് അനുവദിക്കുകയായിരുന്നു. എന്നാൽ മുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്ക് നിലവിലുള്ള സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ 24 വാർഡുകളിൽ സിപിഎം -14, സിപിഐ -എട്ട്, എൻസിപി, കേരള കോൺഗ്രസ് (മാണി) ഒന്നു വീതമാണ് മത്സരിക്കുക. ഇതിന് പുറമേ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഡിവിഷനും എൻസിപിക്ക് ലഭിക്കും. ഞാറയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലെ 17 വാർഡുകളിൽ സിപിഎം – 12, സിപിഐ -നാല്, കേരള കോൺഗ്രസ് (മാണി) എന്നിങ്ങനെയാണ് സീറ്റ് വിഭജനം. സിപിഐ കഴിഞ്ഞതവണ മത്സരിച്ച ഹൈസ്കൂൾ വാർഡിൽ പൊതുസ്ഥാനാർഥി എന്ന നിലയിൽ നിലവിലുള്ള പഞ്ചായത്തംഗം എൻ.എ. ജോർജ് മത്സരിക്കും. ഈ വാർഡ് ഉൾപ്പെടെയാകും സിപിഐക്ക് നാല് വാർഡുകൾ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന ജോർജ് പാർട്ടിയുമായി അകന്ന്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എട്ടാം വാർഡിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തിരുന്നു. ജോർജിന്റെകൂടി പിന്തുണ ഉറപ്പിച്ചാണ് കോൺഗ്രസ് വിമതനെ ഇടതുമുന്നണി പഞ്ചായത്ത് പ്രസിഡന്റ് ആക്കിയത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിനാ ആന്റണി, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി മേഴ്‌സി തോമസ് അടക്കമുള്ളവർ രംഗത്തുണ്ടാകും.
നായരമ്പലത്ത് 17 വാർഡുകളിൽ പത്തിടത്ത് സിപിഎം മത്സരിക്കും. കഴിഞ്ഞതവണത്തെപ്പോലെ തന്നെ ഇക്കുറിയും നാല് വാർഡുകളിലാണ് സിപിഐ മത്സരിക്കുക. എംഎൽപിഐ റെഡ് ഫ്ലാഗ് രണ്ട് വാർഡുകളിലും കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും മത്സരിക്കും. എടവനക്കാട് 13 വാർഡുകളിൽ സിപിഎമ്മും മൂന്ന് വാർഡുകളിൽ സിപിഐയും മത്സരിക്കും. കുഴുപ്പിള്ളിയിൽ പത്ത് വാർഡുകളിൽ സിപിഎമ്മും നാല് വാർഡുകളിൽ സിപിഐയുമാണ് മത്സരിക്കുക. പള്ളിപ്പുറത്താകട്ടെ 20 വാർഡുകളിൽ സിപിഎം മത്സരിക്കുമ്പോൾ നാല് വാർഡുകളിലാവും സിപിഐ മത്സരിക്കുക. ഇതിൽ ഒരു വാർഡിൽ പൊതുസ്ഥാനാർഥിയെ കണ്ടെത്താനും ശ്രമമുണ്ട്. കോൺഗ്രസ് (എസ്), ആർജെഡി തുടങ്ങിയവരൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. മുന്നണി എന്ന നിലയിലുള്ള ചർച്ചകൾ ഒന്നും ഉണ്ടായില്ലെന്നും കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ധാരണ ഉണ്ടാക്കിയശേഷം മുന്നണിയോഗത്തിൽ സിപിഎം ഏകപക്ഷീയമായി പ്രഖ്യാപനം നടത്തുകയുമായിരുന്നുവെന്നാണ് അവർ പറയുന്നത്.
ഞാറയ്ക്കലും നായരമ്പലത്തും ഓരോ വാർഡാണ് കോൺഗ്രസ് (എസ്) ആവശ്യപ്പെട്ടിരുന്നത്. പഴയ ഞാറയ്ക്കൽ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് (എസ്) ആണ് മത്സരിച്ചിരുന്നത്. കെ.കെ. മാധവൻ, വി.കെ. ബാബു എന്നിവർ ഇവിടെനിന്ന് വിജയിച്ചിട്ടുണ്ട്. ഈ സീറ്റ് സിപിഎം ഏറ്റെടുത്തപ്പോൾ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിലെ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ കോൺഗ്രസ് എസിന് നൽകിവന്നിരുന്നത്. ഇത് സംബന്ധിച്ചുള്ള തീരുമാനം ജില്ലാ നേതൃത്വത്തിൽ നിന്ന് ഉണ്ടാകേണ്ടതാണെങ്കിലും സിപിഎം പ്രാദേശികമായി സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
അതേസമയം ഐക്യജനാധിപത്യമുന്നണിയിൽ പള്ളിപ്പുറം, കുഴുപ്പിള്ളി, ഞാറയ്ക്കൽ പഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും കോൺഗ്രസ് മത്സരിക്കും. എടവനക്കാട് പഞ്ചായത്തിൽ രണ്ടും എളങ്കുന്നപ്പുഴയിൽ ഒന്നും വാർഡുകളാണ് മുസ്‌ലിം ലീഗിന്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നായരമ്പലത്ത് ഒരു വാർഡും അനുവദിച്ചിട്ടുണ്ട്.
ആറ് പഞ്ചായത്തുകളിലായുള്ള 112 വാർഡുകളിൽ നാലെണ്ണം മാത്രമാണ് ഘടകകക്ഷികൾക്കുള്ളത്. മറ്റ് ചെറുകക്ഷികളെ പൂർണമായും ഒഴിവാക്കി. നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനം. എന്നാൽ മുസ്‌ലിം ലീഗിന് അനുവദിക്കുന്ന സീറ്റുകളിൽ അന്തിമ തീരുമാനമായിട്ടില്ല. എടവനക്കാട് രണ്ട് ജനറൽ വാർഡുകളാണ് അവരുടെ ആവശ്യം. അത് അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് കോൺഗ്രസും. എളങ്കുന്നപ്പുഴയിൽ 2015-ൽ ഒരു വാർഡ് മുസ്‌ലിം ലീഗിന് അനുവദിച്ച കയ്‌പ്പേറിയ അനുഭവം മുന്നണിയുടെ മുന്നിലുണ്ട്. കോൺഗ്രസ് വിമത വാർഡിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണയും ഇത് ആവർത്തിക്കപ്പെടാനിടയുണ്ടെന്ന് ഒരു വിഭാഗം കോൺഗ്രസുകാർ പറയുന്നു.
എൻഡിഎയിൽ ബിജെപിയെ കൂടാതെ ബിഡിജെഎസ് മാത്രമാണ് വൈപ്പിനിലുള്ളത്. ജില്ലാ തലത്തിലുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ് ബിജെപി നേതൃത്വം. എങ്കിലും നിലവിലുള്ളതിനേക്കാൾ നില മെച്ചപ്പെടുത്താനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. എടവനക്കാട് ഒഴികെയുള്ള അഞ്ച് പഞ്ചായത്തുകളിലും ബിജെപി സ്ഥാനാർഥികൾ വിജയിച്ചിരുന്നു. ഏതാണ്ടെല്ലാ വാർഡുകളിലും മത്സരിക്കാനൊരുങ്ങുമ്പോഴും വിജയസാധ്യതയുള്ള വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ലക്ഷ്യംവയ്ക്കുന്നത്. ഒന്നിലധികം പഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നതെങ്കിലും പലയിടങ്ങളിലും നിർണായകശക്തിയായേക്കും.
ഞാറയ്ക്കലും കുഴുപ്പിള്ളിയിലും വനിതാ പ്രസിഡന്റുമാർ
: പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംവരണ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഞാറയ്ക്കൽ, കുഴുപ്പിള്ളി പഞ്ചായത്തുകൾ വനിതാ സംവരണമായി. എളങ്കുന്നപ്പുഴ, നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകൾ ജനറൽ വിഭാഗത്തിൽ പെടും.

