വൈപ്പിൻ ; വികസനത്തിനുവേണ്ടി വൈപ്പിൻ ആർട്സ് ആൻഡ് സയൻസ് കോളേജിന് 2.36 ഏക്കർ ഏറ്റെടുക്കാൻ സർക്കാർ അനുമതിയായെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. 9.31 കോടി രൂപയ്ക്കാണ് സമീപവാസികളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത്. എളങ്കുന്നപ്പുഴ ഗവ. എൽപി സ്കൂളിൽനിന്ന് ലഭിച്ച 52 സെന്റിലാണ് നിലവിൽ വൈപ്പിൻ കോളേജ് സ്ഥിതിചെയ്യുന്നത്. ജനസാന്ദ്രത കൂടിയ ദ്വീപായതിനാൽ കോളേജ് വികസനത്തിന് ഭൂമി ലഭ്യമായിരുന്നില്ല. എന്നാൽ, ഇതിനിടെ കോളേജിന് സ്ഥലത്തിനും പശ്ചാത്തലസൗകര്യ വികസനത്തിനുമായി കിഫ്ബി മുഖേന തുക അനുവദിക്കാൻ ഉത്തരവായി. ഭൂമി കിട്ടാത്തതിനെ തുടർന്ന് നടപടികൾ വീണ്ടും നീണ്ടു. പിന്നീട് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായാണ് ഭൂമി കണ്ടെത്തിയത്. ഇതിനു മന്ത്രിതല യോഗമുൾപ്പെടെ എംഎൽഎ നടത്തിയിരുന്നു. ഒടുവിലാണ് ഭൂമി വിട്ടുനൽകാൻ ഭൂവുടമകൾ തയ്യാറായത്. എട്ടുപേരുടെ ഭൂമി ഏറ്റെടുക്കും. നിലവിൽ മൂന്ന് ബിരുദ ക്ലാസുകൾക്കാണ് കോളേജിന് അനുമതിയുള്ളത്.

