വൈപ്പിൻ : നായരമ്പലം സിഡിഎസ് ക്രമക്കേടിൽ പാർട്ടിയെടുത്ത നിലപാടിൽ പ്രതിഷേധിച്ച് ഷീബാ സന്തോഷും കുടുംബവും സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നു. കുടുംബശ്രീ ഓഡിറ്റിൽ കണ്ടെത്തിയ 21 ലക്ഷം രൂപയുടെ ക്രമക്കേട് സംബന്ധിച്ച് പാർട്ടിവേദികളിൽ പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും എടുക്കാതെ സിഡിഎസ് ചെയർപേഴ്‌സൺ അടക്കമുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം കൈക്കൊള്ളുന്നതെന്ന് ഷീബാ സന്തോഷ് കുറ്റപ്പെടുത്തി. പരാതിപ്പെട്ടവരെ ഒറ്റപ്പെടുത്തുന്ന നിലപാടായിരുന്നു സിപിഎമ്മിനെന്നും അവർ പറഞ്ഞു. കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഷീബാ സന്തോഷിനെ മണ്ഡലം പ്രസിഡന്റ് എൻ.ആർ. ഗിരീശൻ കോൺഗ്രസ് അംഗത്വം നൽകി സ്വീകരിച്ചു.

