കടമക്കുടി : സംവരണ സ്ഥാനാർഥി നിർണയം മുന്നണികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സീറ്റുറപ്പിച്ചിരുന്ന പലരും സംവരണം വന്നതോടെ പിന്നോട്ട് മാറേണ്ട സ്ഥിതിയിലാണ്. പുതിയ ആളുകൾക്ക് വഴിയൊരുക്കാൻ വിസമ്മതിക്കുന്നവർ കാരണമുള്ള കടുത്ത എതിർപ്പും അന്തിമ പട്ടിക വൈകുന്നതിനുള്ള ഒരു പ്രധാന പ്രശ്നമാണ്. ഇത് നീണ്ട ചർച്ചകൾക്കും പരസ്യമായ ചേരിതിരിവിനും കാരണമാകുന്നുണ്ട്. ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ഈ പരാജയം എതിരാളികളായ മുന്നണികൾക്ക് തന്ത്രപരമായ മുൻതൂക്കം നൽകിയിട്ടുണ്ടെന്നും അവർ പ്രാദേശിക പാർട്ടി വിയോജിപ്പുകളെ വേഗത്തിൽ മുതലെടുക്കുകയാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
നിരവധി വികസന പ്രവർത്തനങ്ങൾ തങ്ങളുടെ കാലയളവിൽ പഞ്ചായത്തിൽ ചെയ്തു എന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോഴും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും യാത്രക്ക് വേണ്ടി കടത്തു വഞ്ചികളെയും ചങ്ങാടങ്ങളെയും ആശ്രയിക്കുന്ന കടമക്കുടി പഞ്ചായത്ത് നിവാസികളുടെ യാത്ര ദുരിതം കുറയ്ക്കാനോ ടൂറിസം വികസനത്തിന് വേണ്ടി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാനോ ഒന്നും തന്നെ ഭരണപക്ഷം ശ്രമിക്കിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

