വൈപ്പിൻ: വിജയതുടർച്ച ഉറപ്പിച്ച് കുഴുപ്പിള്ളി പഞ്ചായത്ത് ഭരണസമിതി. സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടത്തിയിരിക്കുന്നത്. ജനപ്രതിനിധികളുടെ ആത്മാർഥ പ്രയത്നത്തിന്റെ ഫലമാണ് പഞ്ചായത്തിന്റെ ഉന്നമനത്തിന് കാരണം. തനത് ഫണ്ട് ഇല്ലാതിരുന്ന പഞ്ചായത്തിൻ്റെ ധനസ്ഥിതി കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ മെച്ചപ്പെടുത്തി ചരിത്രത്തിലാദ്യമാ യി 90 ലക്ഷം രൂപയുടെ പ്രോജക്ട് തനത് ഫണ്ടിൽ ഏറ്റെടുത്തു മികച്ച പ്രവർത്തനമാണ് ഭരണ സമിതി കാഴ്ച വച്ചിരിക്കുന്നത്. പഞ്ചായത്തിന് സ്വന്തമായി വാഹനം വാങ്ങുകയും ഓഫീസ് കെട്ടിടം നവീകരിക്കുകയും ചെയ്തു.
100% നേട്ടങ്ങൾ
ഭരണ സമിതിയുടെ കാലയളവിൽ സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ നിരവധി നേട്ടങ്ങളും പുരസ്കാരങ്ങളും നേടിയെടുക്കാൻ പഞ്ചായത്തിന് സാധിച്ചു. ഭരണസമിതി കാലയളവിൽ എല്ലാ സാമ്പത്തിക വർഷവും 100% പദ്ധതി വിഹിതം പൂർത്തീകരിച്ച പഞ്ചായത്ത് എന്ന അപൂർവ്വ അംഗീകാരം പഞ്ചായത്തിനെ തേടി എത്തി. മാലിന്യമുക്ത നവകേരളം പ്രവർത്തന മികവിന് ജില്ലയിൽ രണ്ടാം സ്ഥാനം, മാലിന്യമുക്ത നവകേരളം 2024-25 സമ്പൂർണ്ണ ശുചിത്വ പദവി കൈവരിക്കൽ ജില്ലയിൽ മൂന്നാം സ്‌ഥാനം നേടിയതിന് തദ്ദേശസ്വയംഭരണ വകുപ്പ് പുരസ്‌കാരം, വൈപ്പിൻ മണ്‌ഡലത്തിലെ മികച്ച പഞ്ചായത്തിനുള്ള എംഎൽഎ ട്രോഫി, കേരളകൗമുദി ജനരത്ന പുരസ്കാരം, എസ് സി/എസ്‌ടി ഉപവിഭാഗത്തിനുള്ള പദ്ധതി വീതം 100% ചെലവഴിച്ചതിനുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരം,100% പദ്ധതി പൂർത്തീകരണത്തിന്റെ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരം, കേരളോത്സവം 2023 വൈപ്പിൻ ബ്ലോക്കിലെ ഫസ്‌റ്റ് റണ്ണറപ്പ് ട്രോഫി, പള്ളത്താംകുളങ്ങര ഹരിത താലപ്പൊലി വിജയകരമാക്കിയതിന് ഹരിത കർമ്മ സേനയ്ക്ക് ശുചിത്വമിഷൻ പുരസ്‌കാരം, ഹരിത കേരള മിഷൻ പ്രത്യേക പുരസ്കാരം, 100% നികുതി പിരിവ് 100% പദ്ധതി വിനിയോഗം 100% യൂസർ ഫീ എന്നീ അപൂർവ്വ നേട്ടത്തിന് ജില്ലാ ആസൂത്രണ സമിതിയുടെ രണ്ടു പുരസ്‌കാരങ്ങൾ, CRZ മാപ്പ് പരിഷ്‌കരണത്തിൻ്റെ ഭാഗമായി ഏറ്റവും മികച്ച റിപ്പോർട്ട് നൽകിയതിന് KCZMA യുടെ പ്രത്യേക പ്രശംസ, 23 വ്യത്യസ്ത മേഖലകളിലെ പ്രവർത്തന മികവിന് സംസ്‌ഥാന ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പുരസ്‌കാരം തുടങ്ങിയവയെല്ലാം ഇതിൽ ചിലത് മാത്രമാണ്.
മാലിന്യ മുക്ത കുഴുപ്പിള്ളി
പഞ്ചായത്തിന്റെ മാലിന്യ മുക്ത പ്രവർത്തനങ്ങളുടെ ഫലമായി ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കുഴുപ്പിള്ളിയെ സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമമായി പ്രഖ്യാപിച്ചു. 3 ഹരിത ടൗണുകൾ ഒരുക്കി പാതയോരങ്ങൾ പൂച്ചെടികളും ഐ ഇ സി ബോർഡുകളും സ്‌ഥാപിച്ചു. മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന പള്ളത്താംകുളങ്ങരയിലെ പൊതുകുളം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് എം. ബി. ഷൈനിയുടെ ഫണ്ടിൽ നിന്നും 45 ലക്ഷം ചിലവഴിച്ച് സൗന്ദര്യവൽക്കരിച്ച് ഓപ്പൺ ജിം സ്‌ഥാപിച്ചു. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ വൃത്തിയാക്കി നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു. 26 ബോട്ടിൽ ബൂത്തുകളും, ഖരമാലിന്യ ശേഖരണത്തിനായി പ്രത്യേക സംവിധാനവും ഒരുക്കി. 8 പൊതു കിണറുകൾ ശുദ്ധീകരിച്ച് കുടിവെള്ളം ലഭ്യമാക്കി. കുഴുപ്പിള്ളി ബീച്ചിൽ വൃത്തിയുള്ള ശുചിമുറിയും രണ്ട് സാനിറ്ററിപാഡ് ഇൻ സിനറേറ്റർ സ്‌ഥാപിച്ച് ശുചിത്വം ഉറപ്പുവരുത്തി. ഹരിത കർമ സേനയുടെ പ്രവർത്തനവും എടുത്തു പറയേണ്ടത് തന്നെയാണ്.
മറ്റു പ്രവർത്തനങ്ങൾ
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരു നൂറോളം വീടുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. പുതിയ റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 15 കോടി അനുവദിച്ചു., 65 ലക്ഷം രൂപയുടെ NHM ഫണ്ട് ലഭ്യമാക്കി ഹെൽത്ത് & വെൽനസ്സെന്റർ നിർമ്മിച്ചു മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് അയ്യമ്പിള്ളി ഫാമിലി ഹെൽത്ത് സെൻ്ററിൽ ഒരു ഡോക്ടറെ കൂടി നിയമിച്ച് ഈവനിംഗ് OP ആരംഭിച്ചു. ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് കുഴുപ്പിള്ളി ബീച്ചിൽ ബഹു പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊക്കാളി കൃഷിക്കായി സംസ്‌ഥാനസർക്കാർ അനുവദിച്ച 2 കോടി 7 ലക്ഷം രൂപ യുടെ സബ് മേഴ്‌സിബിൾ പമ്പ് സ്‌ഥാപിക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു.
കാലാകാലങ്ങളായി കുടിവെള്ള കുടിശ്ശിക ഇനത്തിൽ ഗ്രാമപഞ്ചായത്തിന് ഉണ്ടായിരുന്ന 2.5 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഒറ്റത്തവണ തീർപ്പാക്കലിലൂടെ അടച്ചു തീർത്തു. 15 വർഷങ്ങൾക്കുശേഷം കുഴുപ്പിള്ളി ബീച്ചിൽ വിപുലമായ ടൂറിസം മേള സംഘടിപ്പിച്ചു. പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് നിർമിക്കുന്ന ആയുർവേദ ആശുപത്രി കെട്ടിട നിർമാണം അവസാനഘട്ടത്തിലാണ്. ലഹരി വ്യാപനം തടയാൻ പദയാത്ര സംഘടിപ്പിച്ചു, വൈപ്പിൻ മണ്ഡലത്തിൽ ആദ്യമായി ഹരിത കർമ്മ സേനയ്ക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങി നൽകി. അയ്യമ്പിള്ളി ആശുപത്രിക്ക് സമീപം പഞ്ചായത്ത് വക സ്‌ഥലത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് വനിത വിപണന കേന്ദ്രം നിർമിച്ചു. തീരദേശത്തെ കടലേറ്റത്തിന് പരിഹാരമായി 50 ലക്ഷം രൂപയുടെ ജിയോ ബാഗുകൾ സ്‌ഥാപിച്ചു. എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ ഇനിയും നിരവധിയാണ്.
കഴിഞ്ഞ ഭരണസമിതിയുടെ ഓരോ പ്രവർത്തനങ്ങളും ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ളതായിരുന്നു. കഴിഞ്ഞ 5 വർഷവും മികച്ച പ്രവർത്തനം കാഴ്‌ച വെച്ചത്തിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാകുമെന്നത് തന്നെയാണ് ഭരണ സമിതിയുടെ പ്രതീക്ഷ.



